പത്തനംതിട്ട: ജില്ല രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും കേരള നിയമസഭയില്‍ എത്തിയവരില്‍ ഏറെയും കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ് കക്ഷികളാണ്. ഇടയ്ക്ക് കോണ്‍ഗ്രസ് -എസിനും എന്‍ഡിപിക്കും ജില്ലയില്‍ നിന്നും പ്രാതിനിധ്യം ലഭിച്ചു.
1982ല്‍ റാന്നിയില്‍ നിന്നും വിജയിച്ചത് കോണ്‍ഗ്രസ് -എസിലെ സണ്ണി പനവേലിലാണ്. അദ്ദേഹത്തിന്റെ മരണത്തേ തുടര്‍ന്ന് ഭാര്യ റേച്ചല്‍ സണ്ണി പനവേലില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയതും കോണ്‍ഗ്രസ് -എസിന്റെ ടിക്കറ്റിലാണ്. കോണ്‍ഗ്രസിലെ എ.കെ. ആന്റണി വിഭാഗം ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വിഘടിച്ചുനിന്നവര്‍ ചേര്‍ന്നാണ് അക്കാലത്ത് കോണ്‍ഗ്രസ് -എസ് ശക്തമാക്കിയത്. 1982ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എസ് റാന്നി കൂടാതെ കല്ലൂപ്പാറയിലും മത്സരിച്ചിരുന്നു.
1987ല്‍ കോണ്‍ഗ്രസ് -എസിലെ സി.എ. മാത്യു കല്ലൂപ്പാറയില്‍ എംഎല്‍എയായി. ഇതേവര്‍ഷം കോന്നിയില്‍ വിജയിച്ചത് എന്‍ഡിപിയിലെ ചിറ്റൂര്‍ ശശാങ്കന് നായരാണ്. യുഡിഎഫ് ഘടകകക്ഷിയായിരുന്ന എന്‍ഡിപിക്ക് അക്കാലയളവില്‍ ജില്ലയില്‍ ഒരു നിയമസഭാസീറ്റ് നല്‍കിയിരുന്നു. 1991ല്‍ ആറന്മുളയില് മത്സരിച്ച എന്‍ഡിപിയിലെ ആർ. രാമചന്ദ്രന് നായര്‍ വിജയിച്ചു.
കോന്നിയില്‍ സിപിഎമ്മിലെ എ. പത്മകുമാര്‍ പരാജയപ്പെടുത്തിയതും എന്‍ഡിപി സ്ഥാനാര്‍ഥിയായിരുന്ന സി.പി. രാമചന്ദ്രന് നായരെയാണ്. കോണ്‍ഗ്രസ് -എസിലെ സി.എ. മാത്യുവിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ആർ. രാമചന്ദ്രന് നായര്‍ അക്കാലയളവില്‍ കരുണാകരന് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയുമായി. കേരള കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും ജില്ലയില്‍ എംഎല്‍എമാരുണ്ടായി. ജില്ല രൂപീകരണത്തിനു മുമ്പുതന്നെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് നിര്‍ണായക കക്ഷിയായിരുന്നു.
പത്തനംതിട്ട, റാന്നി, തിരുവല്ല, കല്ലൂപ്പാറ മണ്ഡലങ്ങളില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
1982ല്‍ യുഡിഎഫ് പക്ഷത്തെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് കല്ലൂപ്പാറയില്‍ ടി.എസ്. ജോണ്‍ വിജയിച്ചു. 1987ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഈപ്പന് വര്‍ഗീസ് റാന്നിയില്‍ വിജയിച്ചു. 1991ല്‍ ജോസഫ് എം. പുതുശേരി കല്ലൂപ്പാറയില്‍ വിജയിച്ചത് കേരള കോണ്‍ഗ്രസ് - ബി സ്ഥാനാര്‍ഥിയായിട്ടാണ്. എല്‍ഡിഎഫ് പക്ഷത്തായ ജോസഫ് ഗ്രൂപ്പിലെ ടി.എസ്. ജോണിനെയാണ് പരാജയ്പെടുത്തിയത്. 1996ല്‍ മാണി ഗ്രൂപ്പിലെത്തിയ പുതുശേരിയെ ടി.എസ്. ജോണ്‍ പരാജയപ്പെടുത്തുകയും ചെയ്തു. തിരുവല്ലയില്‍ മാണി ഗ്രൂപ്പിലെ മാമ്മന്‍ മത്തായി വിജയിച്ചു.
1996ല്‍ കല്ലൂപ്പാറ കൂടാതെ പത്തനംതിട്ട നിയമസഭാ മണ്ഡലത്തിലും ജോസഫ് ഗ്രൂപ്പ് മത്സരിച്ചു. മാണി ഗ്രൂപ്പ് കല്ലൂപ്പാറയിലും തിരുവല്ലയിലും മത്സരിച്ചു. തിരുവല്ലയില്‍ മാമ്മന്‍ മത്തായി വിജയിച്ചു. 2001ല്‍ കല്ലൂപ്പാറ, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു. മാണി ഗ്രൂപ്പില്‍ നിന്ന് കല്ലൂപ്പാറയില്‍ ജോസഫ് എം. പുതുശേരിയും തിരുവല്ലയില്‍ മാമ്മന്‍ മത്തായിയും വിജയിച്ചു. 2006ല്‍ കല്ലൂപ്പാറയില്‍ ജോസഫ് എം. പുതുശേരി വീണ്ടും വിജയിച്ചു.
തിരുവല്ലയില്‍ മാണി ഗ്രൂപ്പിലെ വിക്ടര്‍ ടി.തോമസ് പരാജയപ്പെട്ടു. ജോസഫ് ഗ്രൂപ്പ് അടൂരില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് ജോസഫ് ഗ്രൂപ്പ് യുഡിഎഫിലെത്തിയതോടെ 2011 മുതല്‍ കേരള കോണ്‍ഗ്രസിനു തിരുവല്ല സീറ്റ് മാത്രമായി. 2021ല്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെ റാന്നിയില്‍ പ്രമോദ് നാരായണ്‍ സ്ഥാനാര്‍ഥിയാകുകയും വിജയിക്കുകയും ചെയ്തു.